കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തിൽ അനുവദിക്കുന്നതിന് നടപടിയുമായി അധികൃതര്‍. 10 ദിവസത്തിനുള്ളില്‍ തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി തൊഴില്‍ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മൂന്ന് മാസത്തോളം എടുക്കുന്ന സാഹചര്യത്തിലാണിത്.
പ്രവാസികളുടെ മാതൃരാജ്യങ്ങളിലുള്ള അക്രഡിറ്റഡ് ആശുപത്രികളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ പരിശോധന നാല് ദിവസമാക്കി കുറയ്ക്കും. ഇതില്‍ രണ്ട് ദിവസം അവരുടെ സ്വന്തം രാജ്യത്തുവെച്ചും ബാക്കി രണ്ട് ദിവസം കുവൈത്തില്‍ എത്തിച്ചേര്‍ന്ന ശേഷവുമായിരിക്കും. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആവശ്യമായി വരുന്ന സമയപരിധി കുറച്ചുകൊണ്ടുവരുന്നതിലൂടെ പത്ത് ദിവസത്തിനുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ ഒക്കെ തൊഴില്‍ പെര്‍മിറ്റ് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ വിശദമാക്കുന്നു.
പുതിയ സംവിധാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ച് അംഗീകാരം നൽകണം. ഇതോടെ പരിശോധനാ കേന്ദ്രങ്ങളില്‍ അന്വേഷണവുമായെത്തുന്ന പ്രവാസികളുടെ നിലവിലെ അവസ്ഥ അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.