തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സദുദ്ദേശത്തോടെയുള്ള മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. പ്രസംഗത്തിൽ ഒരു അബദ്ധവും തെറ്റുമില്ല. പ്രസംഗത്തെ കോൺഗ്രസ് ആയുധമാക്കി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
”ഇന്ത്യൻ ഭരണ ഘടനക്കെതിരായ ആക്രണമണമുണ്ടാകുന്നത് ഇടത് പക്ഷത്ത് നിന്നല്ല. അത് വലത് പക്ഷത്ത് നിന്നാണ്. ആര് എസ് എസും സംഘപരിവാറും ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണ്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുന്നു. ഇന്ന് ഭരണഘടനക്ക് നേരെ ശക്തമായ ആക്രമണമുണ്ടാകുന്നത് ഭരണകക്ഷികളിൽ നിന്ന് തന്നെയാണ്. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങി കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ബിജെപി പണം ഒഴുക്കിയാണ് അധികാരം പിടിക്കുന്നത്. ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയിൽ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ രക്ഷയില്ല. സാക്കിയ ജാഫ്രിക്ക് കോൺഗ്രസ് ഒരു സഹായവും ചെയ്ത് കൊടുത്തില്ല. ജാഫ്രി കേസിൽ സുപ്രീം കോടതി വിധി എല്ലാ ഭരണഘടന വിശ്വാസികളും കണ്ടതാണ്. സോണിയ ഗാന്ധി, ജഫ്രി കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചു. നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല”. കോൺഗ്രസ് തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് ഇ.പി ജയരാജൻ തുറന്നടിച്ചു. ഭരണഘടനയോട് കൂറ് പുലർത്തുന്നയാളാണ് മന്ത്രി സജി ചെറിയാനെന്നും ജയരാജൻ പറഞ്ഞു. അതേസമയം സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ പ്രസംഗം അനുചിതമെന്ന് സിപിഐ വിലയിരുത്തി. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.
വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചു. തന്റെ പരാമർശം ദുർവ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നടപ്പിലാകുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.