ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു.
ഇൻഡിക്കേറ്റർ ലൈറ്റിന്റെ തകരാറിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോകും. തകരാറിലായ വിമാനത്തിന് പകരം വിമാനം കറാച്ചിയിലേക്ക് അയച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
പൈലറ്റുമാർ ഇന്ധന ചോർച്ചയുണ്ടെന്ന് സംശയിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വിമാനം ഇറങ്ങിയതിന് ശേഷം ഇന്ധനം ചോർന്നതിന് തെളിവൊന്നും ലഭിച്ചില്ല.