ഇന്ത്യൻ ഭരണഘടനയെപ്പറ്റി വിവാദ പരാമർശം നടത്തിയ സജി ചെറിയാനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മന്ത്രി ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അവഹേളിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് മന്ത്രിയായിരിക്കാൻ അവകാശമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ” ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ല. മന്ത്രി ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്. ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി.
ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഭരണഘടന അപകീർത്തിപ്പെടുത്തി സത്യപ്രതിജ്ഞാ ലംഘനവും Prevention of Insult to National Honor Act 1971 പ്രകാരം ക്രിമിനൽ കുറ്റവും നടത്തിയ ഫിഷറിസ് സാംസ്കാരിക മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് കേരള ഗവർണർക്കും സ്പീക്കർക്കും കത്ത് നൽകി. കൂടാതെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയോടും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് ഓഫ് ഇന്ത്യക്കും പരാതി നൽകും” . – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.