ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയ കനക ദുർഗ ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുൻ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു.
സുപ്രിം കോടതി വിധിയെ തുടർന്ന് 2019 ജനുവരി രണ്ടിനാണ് കനക ദുർഗയും സുഹൃത്ത് ബിന്ദു അമ്മിണിയും ശബരിമല കയറിയത്. തുടർന്ന് വൻകോലാഹലങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അയങ്കാളിപടയിലെ പ്രവർത്തകരായിരുന്ന കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശൻ, അജയൻ മണ്ണൂർ, വിളയോടി ശിവൻകുട്ടി എന്നീ പൊതുപ്രവർത്തകർ 1996ലാണ് പാലക്കാട് സിവിൽ സ്റ്റേഷനിൽ കളക്ടറെ ബന്ദിയാക്കി സമരം നടത്തിയത്. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാർഥ സമരനായകനാണ് വിളയോടി ശിവൻകുട്ടി.