നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. രണ്ട് ദിവസത്തിനുള്ളിൽ ഫൊറെൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണം. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നാണ് നിർദ്ദേശം. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഹാഷ് വാല്യൂ മാറിയതിൽ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിശോധനാ റിപ്പോർട്ട് മുദ്രവെച്ച കവറിൽ വേണം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറെന്നും ഇത് കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദം.