ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ സ്വതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അക്രമി ഒരു കെട്ടിടത്തിന് മുകളിൽനിന്നാണ് വെടിവയ്പ് നടത്തിയതെന്ന് സംശയിക്കുന്നു. ഇയാളെ പിടികൂടിയിട്ടില്ല.
ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി.
സംഭവത്തെ തുടർന്ന് സ്ഥലത്തെ ആഘോഷ പരിപാടികൾ നിർത്തിവച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി. അക്രമിക്കായി തെരച്ചിൽ തുടങ്ങി.