മുട്ടയുടെ സംഭരണ വില 5.82 രൂപയായി കുതിച്ചതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താത്കാലികമായി നിറുത്തിവച്ചതായി തമിഴ്നാട് എഗ്ഗ് കോ-ഓർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് വാങ്കിലി സുബ്രഹ്മണ്യം പറഞ്ഞു. ഉത്പാദനത്തിലെ കുറവുമൂലമാണ് ചരിത്രത്തിൽ ആദ്യമായി മുട്ടയുടെ സംഭരണ വില 5.82 രൂപയായത്. ജൂൺ 29ന് 5.72 രൂപയായിരുന്ന സംഭരണ വില ഒരാഴ്ച മുമ്പ് 5.5 രൂപയായിരുന്നു. നാമക്കൽ മേഖലയിൽ നിന്ന് മാത്രം നിത്യേന ഉത്പാദനത്തിൽ 20 ശതമാനത്തോളം കുറവ് വന്നു. സംഭരണവില ഉയർന്നതും ഉത്പാദനക്കുറവും കയറ്റുമതിയെ ബാധിച്ചു. ഉയർന്ന വിലയ്ക്ക് മുട്ട ഗൾഫ് രാജ്യങ്ങളിൽ വിപണനം നടത്താൻ ബുദ്ധിമുട്ടാണ്. ഇതോടെയാണ് ദുബായ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് മാസംതോറും ഒരു കോടി മുതൽ 2 കോടി വരെ നടന്നിരുന്ന മുട്ട കയറ്റുമതി നിലച്ചത്.
തമിഴ്നാട്ടിൽ നാമക്കൽ, സേലം ജില്ലകളിലായി ആയിരത്തോളം കോഴി വളർത്തു കേന്ദ്രങ്ങളിൽ ശരാശരി 4.8 കോടി മുട്ട ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. നാഷണൽ എഗ്ഗ് കോ ഓർഡിനേഷൻ കമ്മിറ്റി നിർണ്ണയിക്കുന്ന വിലയ്ക്കാണ് വ്യാപാരികൾ സംഭരണം നടത്തേണ്ടത്. ജൂൺ ഒന്നിന് 4.80 പൈസയായിരുന്ന സംഭരണ വില ജൂൺ 26 ന് 5.50 പൈസയായി ഉയർന്നു. ചില്ലറ വില്പനയിൽ 6.50 പൈസയായി തുടരുകയാണ്. കോഴികൾക്കുള്ള തീറ്റച്ചെലവ് വർദ്ധിച്ചതോടെ ഒരുവർഷമായി നഷ്ടത്തിലായിരുന്ന മുട്ട ഉത്പാദന മേഖലയിൽ മുട്ട ഒന്നിന് നാലു രൂപയിൽ നിന്ന് 4.5 രൂപയായി ഉത്പാദനച്ചെലവ് വർദ്ധിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി സംഭരണ വില വർദ്ധിപ്പിച്ചാലും 30 പൈസ കുറച്ചാണ് പ്രധാന വ്യാപാരികൾ സംഭരിക്കുന്നത്. ഇതോടെ മുട്ടക്കോഴി ഉത്പാദനത്തിലും കുറവ് വരുത്തി. ഒരു കോടി മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്താനാവാതെ ചെറുകിടക്കാർ മാറി നിൽക്കുകയാണെന്ന് എഗ്ഗ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.