പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ മരിച്ച ഐശ്വര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സംഭവത്തില്‍ വ്യക്തത വരുകയുള്ളുവെന്ന് പാലക്കാട് ഡി.വൈ.എസ്.പി. പി.സി. ഹരിദാസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യ മരിച്ചത്. പ്രസവത്തിനിടെ ഐശ്വര്യയുടെ കുഞ്ഞ് ഞായറാഴ്ച മരിച്ചിരുന്നു. പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.
ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന് നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. ഇതിനുപിന്നാലെ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
സംസ്കരിച്ചിരുന്നെങ്കിലും, പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് ഐശ്വര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്. അടുത്ത ദിവസം മാത്രമേ വിശദമായി റിപ്പോര്‍ട്ട് പോലീസിന് കൈമാറുകയുള്ളു. ഇതിനുശേഷം കേസില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.