മഹാരാഷ്ട്രയിൽ പെട്രോൾ – ഡീസൽ വില കുറയുന്നു. സംസ്ഥാനം ഏർപ്പെടുത്തിയ വാറ്റ് ടാക്സ് കുറയ്ക്കാൻ തീരുമാനിച്ചതിനാലാണ് പെട്രോൾ – ഡീസൽ വില മഹാരാഷ്ട്രയിൽ കുറയുന്നത്. പുതിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടേതായി പുറത്തു വന്ന ആദ്യ ഭരണതീരുമാനമാണ് ഇന്ധനനികുതി കുറയ്ക്കുന്നത്. അതേസമയം എത്ര ശതമാനം നികുതിയാണ് കുറയ്ക്കുക എന്നതിനെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. അടുത്ത കാബിനറ്റ് യോഗത്തിൽ ഇന്ധനനികുതി കുറയ്ക്കുന്നത് ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഇത് സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുക. കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും എക്സൈസ് ഡ്യൂട്ടിയിനത്തിൽ കുറച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും അന്ന് സംസ്ഥാനവിഹിതമായി നികുതിയുടെ ഒരു ഭാഗം കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വീണ്ടും കഴിഞ്ഞ മേയിൽ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറായെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറവ് വരുത്താൻ വിവിധ സർക്കാരുകൾ തയ്യാറായിരുന്നില്ല. കടുത്ത മോദി വിമർശകനായ ഉദ്ദവ് താക്കറെയും തന്റെ ഭരണകാലത്ത് ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറായിരുന്നില്ല. സർക്കാരിന്റെ വരുമാനത്തിൽ ഭീമമായ കുറവ് വരുമെന്ന് കാണിച്ചായിരുന്നു അന്ന് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നതിന് എതിരു നിന്നത്. ഉദ്ദവ് താക്കറെയെ പുറത്താക്കി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ പുതിയ ശിവസേന സർക്കാർ വന്നതോടെയാണ് ഇപ്പോൾ ഇന്ധനനികുതി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ രൂപീകരണത്തിന് ഷിൻഡേയ്ക്ക് എല്ലാ വിധത്തിലുമുള്ള സഹായങ്ങളും ചെയ്തത് ബിജെപി ആണെന്നത് പരസ്യമായ രഹസ്യമാണ്. മഹാരാഷ്ട്രയുടെ മുൻ ബിജെപി മുഖ്യമന്ത്രി ഫഡ്നാവിസ് നിലവിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി കൂടിയാണ്. അതിനാൽ തന്നെ പുതിയ സർക്കാരിന് ബിജെപി പക്ഷത്തേക്ക് ഒരു ചായ്വ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ തന്നെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ചെയ്തത് പോലെ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നതാകാമെന്നാണ് വിലയിരുത്തൽ.