ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മൂസെവാലയ്ക്ക് നേരേ നിറയൊഴിച്ചവരില്‍ ഒരാളായ അങ്കിത് സിര്‍സ, കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്കിയ സച്ചിന് ഭിവാനി എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ കശ്മീരി ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇരുവരും പിടിയിലായതെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹര്ഗോബീന്ദര് സിങ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ അങ്കിത് ഷാര്‍പ്പ് ഷൂട്ടറാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഹരിയാണ സ്വദേശിയായ ഇയാള്‍ രാജസ്ഥാനിലെ രണ്ട് വധശ്രമക്കേസുകളിലും പ്രതിയാണ്.
18-കാരനായ അങ്കിത് ആയിരുന്നു കൊലയാളി സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാള്. മൂസെവാലയ്ക്ക് നേരേ ഇയാള്‍ ആറുതവണയാണ് നിറയൊഴിച്ചത്. വെടിയുണ്ടകള്‍ കൊണ്ട് മൂസെവാല എന്നെഴുതി തോക്കുമായി ഇരിക്കുന്ന അങ്കിതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
പിടിയിലായ മറ്റൊരു പ്രതി സച്ചിന് ഭിവാനിയും രാജസ്ഥാനില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ രാജസ്ഥാനിലെ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു.