തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം രണ്ടു ദിവസം വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രവേശന നടപടികൾ നാളെ ആരംഭിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണ് പ്ലസ് വൺ പ്രവേശനത്തിൽ കാലതാമസമുണ്ടാകുന്നതെന്ന് മന്ത്രി അറിയിച്ചു.
അതിനിടെ, പ്ലസ് വൺ പ്രവേശനത്തിന് ഏഴ് ജില്ലകളിൽ 30 ശതമാനവും മൂന്ന് ജില്ലകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധനക്ക് ശിപാർശ. കാസർകോട്, കണ്ണൂർ, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലായിരിക്കും 30 ശതമാനം സീറ്റ് വർധന. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനക്കും ശിപാർശയുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ചും സീറ്റ് ക്ഷാമം സംബന്ധിച്ച ആക്ഷേപം ഒഴിവാക്കാനുമാണ് ആദ്യഘട്ടത്തിൽ തന്നെ സീറ്റ് വർധന നടപ്പാക്കാൻ ധാരണയായത്. നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,61,307 സീറ്റുകളാണുള്ളത്. സീറ്റ് വർധനയിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയുമായി ഇതു നാലു ലക്ഷത്തിന് മുകളിലെത്തും.