ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്റുകളും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബാറുകളിലും ഭക്ഷണം കഴിച്ച ശേഷം നൽകുന്ന ബില്ലിൽ സർവീസ് ചാർജ് ഈടാക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.
സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ/ റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.