ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്. 378 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിലേക്ക് വച്ചിരിക്കുന്ന വിജയലക്ഷ്യം. ഏകദേശം 150 ഓവറുകൾ ബാക്കിനിൽക്കെ ഈ വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ട് ശ്രമിക്കും. രണ്ടാം ഇന്നിംഗ്സിൽ ശുഭ്മൻ ഗിൽ (4) വേഗം മടങ്ങി. ഹനുമ വിഹാരിക്കും (11) ക്രീസിൽ ഏറെ സമയം ചെലവഴിക്കാനായില്ല. വിരാട് കോലി (20) മോശം ഫോം തുടർന്നപ്പോൾ ഋഷഭ് പന്തും ചേതേശ്വർ പൂജാരയും നേടിയ അർധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഊർജമായത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്തു.
പൂജാര (66) പുറത്തായതോടെ ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകർച്ച നേരിട്ടു. ഋഷഭ് പന്ത് 57 റൺസെടുത്തു. ശ്രേയാസ് അയ്യർ (19), ശാർദുൽ താക്കൂർ (4), മുഹമ്മദ് ഷമി (13), രവീന്ദ്ര ജഡേജ (23), ജസ്പ്രീത് ബുംറ (7) എന്നിവരൊക്കെ വേഗം പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ ബെൻ സ്റ്റോക്സ് ആണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്. ഉച്ചഭക്ഷണത്തിനു ശേഷം വീണ വിക്കറ്റുകളൊക്കെ സ്വന്തമാക്കിയത് സ്റ്റോക്സ് ആയിരുന്നു.