വിശ്വാസ വോട്ടെടുപ്പില്‍ കൂടി കരുത്ത് കാട്ടി മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്നാഥ് ഷിന്‍ഡെയുടെ ആദ്യ പ്രസംഗം വളരെ വൈകാരികമായിരുന്നു. ബോട്ടപകടത്തില്‍ മരിച്ച തന്റെ രണ്ട് മക്കളെക്കുറിച്ച് പറയവേ മഹാരാഷ്ട്ര മുഖ്യമന്ത്രി നിയമസഭയില്‍ വിങ്ങിപ്പൊട്ടി. ശിവസേന പ്രവര്‍ത്തകനായും നേതാവായും താന്‍ വളര്‍ന്നുവന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നതിനിടെയാണ് മക്കളെക്കുറിച്ച് പറഞ്ഞ് ഷിന്‍ഡെ വികാരാധീനനായത്. 2000ലാണ് അന്ന് യഥാക്രമം പതിനൊന്നും ഏഴും വയസ് പ്രായമുള്ള ഷിന്‍ഡെയുടെ മകന് ദിപേഷും മകള്‍ ശുഭദയും ബോട്ടപകടത്തില്‍ മരിച്ചത്. മക്കളെ നഷ്ടപ്പെടുമ്പോള്‍ താന്‍ ശിവസേനയുടെ കോര്പറേഷന് അംഗമായിരുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞു. ശിവസേനയ്ക്ക് വേണ്ടിയാണ് ജീവിതത്തിലെ കൂടുതല്‍ സമയവും മാറ്റിവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കുടുംബത്തിന് വേണ്ടി വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ വീട്ടിലേക്കെത്തുമ്പോള്‍ വീട്ടുകാരെല്ലാം ഉറങ്ങിയിരിക്കും. എന്റെ അമ്മ മരിച്ചുപോയി. ഇപ്പോള്‍ അച്ഛന് മാത്രമേയുള്ളൂ. മാതാപിതാക്കള്‍ക്ക് വേണ്ടിയും മതിയായ സമയം മാറ്റിവയ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ എനിക്ക് സാധിച്ചിരുന്നില്ല.’ ഷിന്‍ഡെ പറഞ്ഞു.