പാലക്കാട്: പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ഇന്ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നൽകിയ നവജാത ശിശു ഇന്നലെ മരണപ്പെട്ടിരുന്നു. കുഞ്ഞിൻ്റേയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.
ആറു ദിവസം മുൻപാണ് പ്രസവ വേദനയെ തുടർന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് തവണ മരുന്നു വച്ച ശേഷമാണ് സർജറിയിലേക്ക് ഡോക്ടർമാർ പോയതെന്നും സീസേറിയൻ വേണമെന്ന് ആദ്യം തന്നെതങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഐശ്വര്യയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.