തിരുവനന്തപുരം: കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പോലീസിന്റെ ഗുരുതര വീഴ്ചയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിപിഎം നിർദേശപ്രകാരം മാത്രം പോലീസ് പ്രവർത്തിക്കുന്നതിനാലാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഡിസിസി ഓഫീസിനു പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാർക്സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിനു തന്നെ അപമാനമാണ്.
തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററിൽ ആക്രമണം നടന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുന്പോൾ പോലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികൾ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല.
കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംഘർഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയിൽപ്പെട്ട സർക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.