കൊച്ചി: പീഡന പരാതിയിൽ പി സി ജോർജിനെ വെറുതെ വിട്ടതിനെ നിയമപരമായി നേരിടുമെന്ന് പരാതിക്കാരി. ഹൈക്കോടതിയെ സമീപിക്കും. സ്ത്രീയെന്ന പരിഗണന നൽകാതെയാണ് ജാമ്യം. കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ട്. പുറത്തുവന്ന സംഭാഷണം തന്റേത് തന്നെയാണെന്നും പരാതിക്കാരി പറഞ്ഞു.
ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. പുതിയ രഹസ്യമൊഴി നൽകും. നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിക്കാരി പറഞ്ഞു. പി.സി.ജോർജ് എട്ടു വർഷമായി അടുത്തിടപഴകുന്നു. തന്റെ ശരീരത്തിൽ തൊട്ടില്ലന്നു മനഃസാക്ഷിയെത്തൊട്ട് പറയാനാവുമോ എന്ന് പരാതിക്കാരി ചോദിച്ചു.
അതിക്രമത്തിനുശേഷം ചികിത്സയിലായിരുന്നു. തന്റെ പരാതിയിൽ കോടതിക്ക് പരിശോധിക്കാനുള്ള സമയം ലഭിച്ചില്ലെന്ന് വിശ്വസിക്കുന്നു 10-02-2022 ലാണ് സംഭവം നടന്നത്. അതിന് ശേഷം താൻ ഇടതു കണ്ണിന്റെ ചികിത്സയിലായിരുന്നെന്നും അതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു.
പി.സി രക്ഷകന്റെ ഭാഗത്ത് നിന്നിരുന്ന ആളാണ്. ഫെബ്രുവരി പത്താം തീയതിയിലെ സംഭവത്തോടെയാണ് അത് ഇല്ലാതായത്. ഈ കേസിൽ തനിക്ക് രാഷ്ട്രീയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോടതിക്കോ പോലീസിനോ തെറ്റ് പറ്റിയെന്ന് പറയുന്നില്ല. എന്നാല്‍ തന്നെയും കൂടെ കോടതിക്ക് കേള്‍ക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ‘എന്നെ രാഷ്ട്രീയമായി വലിച്ചഴിക്കരുത്. പി.സി. ജോര്‍ജ് മാന്യമായി പെരുമാറിയെന്ന് ഞാന്‍ പറഞ്ഞില്ല. അന്ന് സംസാരിച്ച വിഷയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി കേസില്‍ ഉള്‍പ്പെട്ടയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം. നിയമം അങ്ങനെയിരിക്കെയാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തിട്ടും ജാമ്യം നല്‍കിയത്. ഈയൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കും’-പരാതിക്കാരി ചോദിച്ചു.
ശനിയാഴ്ച ഉച്ചയ്ക്കാണ് സോളർ പ്രതിയുടെ പീഡന പരാതിയിൽ പി.സി.ജോർജിനെ പൊലീസ് അറസ്റ്റു ചെയ്തത്. പരാതി ലഭിച്ചു 3 മണിക്കൂർ 10 മിനിറ്റിനകമായിരുന്നു അറസ്റ്റ്. കോടതി ജാമ്യം അനുവദിച്ചതോടെ രാത്രിയോടെ പി.സി.ജോർജ് പുറത്തിറങ്ങി.