ശ്രീനഗർ: ജമ്മു കശ്മീരിൽ പിടിയിലായ ലഷ്കർ ഭീകരൻ മുന്‍ ബി.ജെ.പി ഐ.ടി സെൽ പ്രവർത്തകനായിരുന്നുവെന്ന് റിപ്പോർട്ട്. താലിബ് ഹുസൈൻ ഷാ എന്നു പേരുള്ളയാളെയും സഹായിയെയുമാണ് ഇന്ന് ജമ്മുവിലെ റീസിയിൽനിന്ന് പൊലീസ് പിടികൂടിയത്. താലിബ് ജമ്മുവിലെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ തലവനായിരുന്നു.
ഇന്നു രാവിലെ റീസിയിൽനിന്ന് നാട്ടുകാരാണ് രണ്ടുപേരെ പിടികൂടിയത്. പിടികൂടി നാട്ടുകാർ പൊലീസിനു കൈമാറുകയായിരുന്നു. ഇവരിൽനിന്ന് ഗ്രനേഡുകളടക്കമുള്ള സ്ഫോടകവസ്തുക്കളും എ.കെ റൈഫിൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മേയ് ഒൻപതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോർച്ചയുടെ സോഷ്യൽ മീഡിയ ചാർജ് ഏറ്റെടുത്തത്. പാർട്ടി നേതൃത്വം തന്നെയാണ് ചുമതല നൽകിയതെന്നാണ് വിവരം. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദ്ര റൈന അടക്കമുള്ള മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഓൺലൈൻ സംവിധാനം വഴി പാർട്ടി അംഗത്വമെടുത്തയാളാണ് താലിബെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഏതു പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്കും പാർട്ടിയിൽ ഓൺലൈൻ സംവിധാനം വഴി അംഗത്വമെടുക്കാനാകുന്ന സാഹചര്യമുണ്ടെന്ന് ബി.ജെ.പി വക്താവ് ആർ.എസ് പഥാനിയ വിശദീകരിച്ചു.