ന്യൂയോര്‍ക്ക്: ഇസ്രയേലിനെ വർണ വിവേചന രാഷ്ട്രമായി (അപ്പാർത്തീഡ് സ്റ്റേറ്റ്) പ്രഖ്യാപിച്ച് യു.എസിലെ പ്രസ്ബിറ്റീരിയൻ ചർച്ച്. ചർച്ചിന്റെ 225ാം ജനറൽ അസംബ്ലിയിൽ വോട്ട് ചെയ്താണ് ഇസ്രായേലിനെ വർണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം നഖബാ ദിനാചരണം ചർച്ച് കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
ഏഴര ലക്ഷത്തിലേറെ ഫലസ്തീൻ നിവാസികളെ 1948 ഇസ്രായേൽ രൂപവത്കരിച്ചതിനെതിരെ നടത്തുന്ന പ്രതിഷേധ ദിനാചാരണമാണ് നഖബ. മേയ് 15നാണ് ദിനം ആചരിച്ചുവരുന്നത്.
1.7 മില്യൺ അംഗങ്ങളുള്ള ചർച്ചാണ് ഇസ്രയേലിനെ വർണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫലസ്തീനികളുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ നിയമങ്ങൾ, നയങ്ങൾ, പ്രവൃത്തികൾ എന്നിവയെല്ലാം വർണ വിവേചനത്തിന്റെ അന്താരാഷ്ട്ര നിയമത്തിന്റെ നിർവചനം ശരിവെക്കുന്നതാണ്’ പ്രസ്ബിറ്റീരിയൻ ചർച്ചിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്റെ ഗാസ അധിനിവേശം നിർത്താനും ജറുസലേമിൽ സമാധാനപൂർവമായി ആരാധന നിർവഹിക്കാൻ ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഫലസ്തീനും ഇസ്രയേലിക്കും വ്യത്യസ്ത നിയമങ്ങൾ നടപ്പാക്കുന്ന ഇസ്രയേൽ അപ്പാർത്തീഡ് രാജ്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തെ 31 അംഗങ്ങളിൽ 28 പേരും പിന്തുണച്ചു. നഖബ ദിനാചരണം ചർച്ച് കലണ്ടറിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തിന് അനുകൂലമായി 31 അംഗങ്ങളും വോട്ട് ചെയ്തു.
അന്താരാഷ്ട്രാ നിയമപ്രകാരം കൂട്ടായശിക്ഷയെന്ന് വിലയിരുത്തപ്പെടുന്ന ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രയേൽ ചെയ്തികൾ ഇല്ലാതാക്കാൻ യു.എസ് ഗവൺമെൻറ് ഇടപെടണമെന്നും ചർച്ച് ആവശ്യപ്പെട്ടു.