ലോകമെങ്ങുമുള്ള ഇരുചക്ര വാഹന പ്രേമികൾ സംഗീതം പോലെ ആസ്വദിക്കുന്ന ശബ്ദമാണ് കവാസാക്കി നിൻജയുടേത്. ജപ്പാനിൽ നിന്ന് വരുന്ന പവർ ഹൗസ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന മോഡലാണ് കവാസാക്കി നിൻജ മോഡലുകൾ. കവാസാക്കിയിൽ നിന്ന് വരുന്ന ഏറ്റവും സിസി കുറഞ്ഞ പാരലൽ ട്വിൻ എഞ്ചിനോട് കൂടി വരുന്ന വാഹനമാണ് നിൻജ 400. എന്നാൽ രണ്ടു വർഷമായി ഇന്ത്യൻ മാർക്കറ്റിൽ നിന്ന് പച്ച നിറത്തിലുള്ള ഈ ഭീമനെ അവർ പിൻവലിച്ചിരുന്നു. ഇപ്പോൾ കവാസാക്കി നിൻജ 400 ബിഎസ് 6 എഡിഷൻ ഇന്ത്യൻ മാർക്കറ്റിൽ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മെക്കാനിക്കലായി കാര്യമായ മാറ്റങ്ങളില്ലാതെയാണ് ബിഎസ് 6 മോഡൽ വന്നിരിക്കുന്നത്. എന്നിരുന്നാലും ബിഎസ് 6ലേക്ക് മാറിയതിന്റെ ഭാഗമായി ടോർക്കിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. 399 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ അതേപടി തുടർന്നിട്ടുണ്ട്. എന്നാൽ ടോർക്ക് ഒരു എൻ.എം കുറഞ്ഞ് 37 എൻഎം ആയിട്ടുണ്ട്. പവർ 45 എച്ച്പിയായി തുടരും.
മറ്റു മെക്കാനിക്കൽ, ഇലക്ട്രോണിക് ഫീച്ചറുകൾ ബിഎസ് 4 ലേത് സമാനമായി തുടരും. പ്രധാന എതിരാളികളായ കെ.ടി.എം ആർസി 390യും ടിവിഎസ് ആർആർ 310 എന്നീ മോഡലുകൾ കളർ ടിഎഫ്ടി സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നൽകുമ്പോൾ കവാസാക്കി പഴയ സെമി ഡിജിറ്റൽ മീറ്ററിൽ തന്നെ തുടരുകയാണ് എന്നത് ഒരു ന്യൂനതയാണ്. 4.99 ലക്ഷമാണ് കവാസാക്കി നിൻജ 400 ന്റെ എക്‌സ് ഷോറൂം വില. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വില വളരെയധികമാണ്. കവാസാക്കിയുടെ തന്നെ നിൻജ 300 ന്റെ വില 3.37 ലക്ഷം മാത്രമാണ്. ആർസി 390 ക്ക് 3.14 ലക്ഷവും ആർആർ 310 ന് 2.65 ലക്ഷവും മാത്രമാണ് വില.