തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. വരും ദിവസങ്ങളിലും കാലവർഷം സംസ്ഥാനത്ത് സജീവമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.