പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ജൂൺ ഏഴിന് ചിത്രം റിലീസ് ചെയ്യും. വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദ്ദനൻ, പ്രിയങ്ക നായർ, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘കടുവ’യുടെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വമ്പൻ പ്രമോഷൻ പരിപാടികളാണ് അണിയറപ്രവർത്തകർ നടത്തുന്നത്. ദുബായ്യുടെ ആകാശത്ത് ഡ്രോണ്‍ പ്രദര്‍ശനം നടത്തിയിരിക്കുകയാണ് ‘കടുവ’ ടീം. ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവും ഒക്കെ ആകാശത്ത് തെളിഞ്ഞു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രമോഷൻ ഇത്തരത്തില്‍ നടക്കുന്നത്. ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഡ്രോൺ ഷോയ്ക്ക് പിന്നാലെ പൃഥ്വിരാജ് പറഞ്ഞു.