കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു. മുക്കം സ്വദേശിയ ഷിജു എം.കെയെ ആണ് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത്.
റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ഷിജുവിനെതിരായ പരാതി. മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാര്‍ക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരിലാണ് മുക്കം പോലീസ് കേസെടുത്തത്. നേരത്തേയും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഷിജുവിനെ നേരത്തെ ഒഴിവാക്കിയിരുന്നുവെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്കി. 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരില്‍നിന്നായി ഈടാക്കിയിരുന്നത്. മലബാര്‍ ജില്ലകളില്‍നിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.