ശമ്പളം വൈകുന്നതിനെതിരെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തിനെതിരെ വിമര്‍ശനവുമായി കേരള ഹൈക്കോടതി. കോടതിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്ആര്‍ടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനു സമയം നല്‍കണമെന്നും കോടതി പറഞ്ഞു.
തൊഴിലാളി യൂണിയനുകള്‍ നടത്തിവരുന്ന സമരങ്ങള്‍ നിര്ത്തിവച്ചെങ്കിലെ കോടതി നടപടികള്‍ ഉണ്ടാകൂ എന്നാണ് നിർദേശം. സമരം തുടര്‍ന്നാല്‍ ശമ്പളം കൃത്യസമയത്തു നല്‍കണമെന്ന ഇടക്കാല ഉത്തരവു പിന്‍വലിക്കേണ്ടി വരും. ഹര്‍ജി പരിഗണിക്കാതെ മാറ്റി വയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്കി. മറ്റു യൂണിയനുകള്‍ സമരം നിര്‍ത്തിയാല്‍ തങ്ങളും സമരം നിര്‍ത്തിവയ്ക്കാമെന്നു സിഐടിയു യൂണിയന് കോടതിയില്‍ അറിയിച്ചു.