വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായി കപ്പൽ എത്തുന്നു.തുറമുഖ നിർമ്മാണം പൂർണമായിട്ടില്ലെങ്കിലും ഈ വർഷം തന്നെ ആദ്യ കപ്പൽ എത്തിക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലാണ് വ്യക്തമാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുവേണ്ടി മുക്കോലയിൽ സജ്ജമാക്കിയ ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ്സ്റ്റേഷൻ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ ചെറുകിട തുറമുഖങ്ങളെകൂടി ബന്ധപ്പെടുത്തി അനുബന്ധ വ്യവസായ രംഗത്ത് വികസനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുളള പുനരധിവാസത്തിന് 100 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഏതെങ്കിലും വിഭാഗത്തിന് പുനരധിവാസ സഹായം കിട്ടിയിട്ടില്ലെങ്കിൽ നൽകാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻ്റണി രാജു, എം.വിൻസെൻ്റ് എം.എൽ.എ, രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) എം.ഡി കെ.ഗോപാലകൃഷ്ണൻ, സി.ഇ.ഒ ഡോ.ജയകുമാർ, നഗരസഭ കൗൺസിലർ സി.ഓമന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വിവി രാജേഷ്, ആർ.ശിവകുമാർ,ഗോപാലകൃഷ്ണൻ, സഫറുളള ഖാൻ, രാജ്മോഹൻ, അദാനി വിഴിഞ്ഞം പദ്ധതി സി.ഇ.ഒ രാജേഷ് കുമാർ ഝാ എന്നിവർ സംസാരിച്ചു.
തുറമുഖ വികസനത്തിനൊപ്പം ചുറ്റുമുള്ള എല്ലാ സ്കൂളുകളെയും ഹൈടെക് ആക്കുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം പ്രതീക്ഷിക്കുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തുറമുഖം വികസിക്കുമ്പോൾ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന കെടുതികൾക്ക് പരിഹാരമായി ബൃഹത് പദ്ധതിക്ക് രൂപം നൽകണമെന്നായിരുന്നു മന്ത്രി ആൻ്റണി രാജുവും സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.