രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ പാക്കിസ്ഥാൻ സർക്കാർ. ഇതുസംബന്ധിച്ച് പാകിസ്ഥാൻ നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് മുന്നറിയിപ്പ് നൽകി. വൈദ്യുതി തടസ്സം ടെലികോം മേഖലയുടെ പ്രവർത്തനത്തേയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ ധാരണയിലെത്താത്തതും വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കി. വരുന്ന ജൂലൈ മാസത്തിൽ കൂടുതൽ ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി ഖത്തറുമായുള്ള ചർച്ചയിലാണ് പാക് സർക്കാർ. അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള എൽഎൻജി വിതരണ കരാറിനെ കുറിച്ചുള്ള ചർച്ചകളാണ് ഖത്തറുമായി പുരോഗമിക്കുന്നത്.