മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും.
എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.മാത്രവുമല്ല എം.പി ഓഫീസ് ആക്രമത്തിന്റെ സാഹചര്യത്തിൽ കൂടിയാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടിൽ ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന നാല് പരിപാടികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികൾ അവസാനിക്കും.