മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച്ച വെക്കാന്‍ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.
ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്ന് രാത്രി 7.30 നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും ഷിൻഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫട്നാവിസ് അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്.
ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ഫഡ്നാവിസ് സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് ജെ പി നദ്ദ അറിയിക്കുകയായിരുന്നു.
രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ധവ് രാജി വച്ചത്.