എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരേ ജൂലായ് ഒന്നിനാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുമ്ര നയിക്കും. വ്യാഴാഴ്ച ഓള് ഇന്ത്യ സീനിയര്‍ സെലക്ഷന് കമ്മിറ്റിയുടെ തീരുമാനത്തിനൊടുവില്‍ ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.
കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്ക്ക് എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. 1932-ല്‍ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ജൂലായ് ഒന്നിന് നടക്കുന്നത്.
വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി തുടങ്ങുക. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ കെ എസ് ഭരത്തോ ഓപ്പണറായേക്കുമെന്നാണ് സൂചന. രോഹിത്തിന്റെ കവര്‍ ആയി ടീമിനൊപ്പം അവസാന നിമിഷം ചേര്‍ന്ന മായങ്ക് അഗര്‍വാളിന് അവസരം ലഭിച്ചേക്കില്ല. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.