ബ്രൂവറി കേസിൽ സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി.അനധികൃതമായി ബ്രൂവറി ഡിസ്റ്റലറി അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നാണ് സര്‍ക്കാരിന് തിരിച്ചടി ഉണ്ടായത്. ഇത് സംബന്ധിച്ച ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിലെ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ഫയലുകള്‍ വിളിച്ചുവരുത്താന്‍ കോടതി അനുമതി നല്കി. മാത്രമല്ല, ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യാമെന്ന് കോടതി പറഞ്ഞു.
ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര് ഹര്‍ജി നല്‍കിയരുന്നെങ്കിലും ഇതും കോടതി തള്ളി. കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. ഇത് പരിശോധിച്ചാകും തുടര്‍നടപടി. കേസില്‍ ജൂലായ് 17-ന് വിസ്താരം തുടങ്ങും.