കൊച്ചി: ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴായിരുന്നു വിചാരണ കോടതിയുടെ തീരുമാനം.