ന്യൂഡല്‍ഹി: ഉദയ്പുര്‍ കൊലപാതക കേസില്‍ അഞ്ച് പേര് കൂടി പിടിയിലായതായി പോലീസ്. പിടിയിലായ പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമെന്ന് പോലീസ്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത് പത്ത് നമ്പറുകള്‍ പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കൊലപാതക കേസ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഉദയ്പൂർ കൊലപാതകത്തിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് കാരണമായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരെ സുഖമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ഇവരെ നാല് ദിവസത്തിനകം തൂക്കിലേറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്ത് താലിബാനിസം അനുവദിക്കില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കൊലപാതകികളെ ശിക്ഷിച്ചില്ലെങ്കിൽ നാളെ അവർ നമ്മളേയും കൊല്ലുമെന്നും പ്രതാപ് സിംഗ് വ്യക്തമാക്കി. കനയ്യലാലിനെ ആക്രമിച്ചവരുടെ കൈകളിലുണ്ടായിരുന്ന ആയുധത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇവരുടെ മുഖം കണ്ടാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നവരാണെന്ന് തോന്നുന്നുവെന്നും ഇത്തരക്കാരെ കോടതി തൂക്കിലേറ്റുമെന്നും പ്രതാപ് സിംഗ് പറഞ്ഞു.
കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പുരിലെ മാര്‍ക്കറ്റിലുള്ള കടയിലെത്തിയ പ്രതികള്‍ കനയ്യലാലിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.