ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല. കൊവിഡ് ബാധിച്ച് ഐസൊലേഷനിലുള്ള താരത്തിനു പകരം പേസർ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി വിക്കറ്റ് കീപ്പർ കെഎസ് ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് സൂചന. രോഹിതിൻ്റെ അഭാവത്തിൽ ഭരത് ഓപ്പണർ റോളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൽ ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് മികച്ച പ്രകടനം നടത്തിയിരുന്നു.