മുഖ്യമന്ത്രിയ്ക്കും മകൾ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്ന സുരേഷ്. രഹസ്യ ചർച്ചകൾക്കായി പലതവണ ക്ളിഫ്ഹൗസിൽ പോയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. കോൺസൽ ജനറലിനൊപ്പം മുഖ്യമന്ത്രിയുടെ വീട്ടിൽ പോയിട്ടുണ്ട് എന്നാൽ ഒരു പരിശോധനയുമുണ്ടായിട്ടില്ല. എക്സാലോജിക്കിലെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എഡിജിപിയെ മാറ്റിയതെന്തിനാണെന്നും ഷാജ് കിരണിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും സ്വപ്ന ചോദിച്ചു.
മുഖ്യമന്ത്രി ജനങ്ങളോട് കളളം പറയുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട സ്വപ്ന സഭയിൽ മുഖ്യമന്ത്രി പറഞ്ഞത് കളളമാണെന്ന് അറിയിച്ചു. സ്പ്രിംഗ്ളർ വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണെന്ന് ആരോപിച്ചു. ക്ളിഫ് ഹൗസിൽ യുഎഇ ഭരണാധികാരിയുമായി നടന്ന കൂടിക്കാഴ്ച നിയമവിരുദ്ധമായിരുന്നു. ഷാർജ ഭരണാധികാരിയ്ക്ക് കൈക്കൂലി നൽകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. ബാഗിൽ ഉപഹാരമായിരുന്നുവെങ്കിൽ എന്തിനാണ് ഡിപ്ളോമാറ്റിക് ബാഗേജ് വഴി അതയച്ചതെന്നും സ്വപ്ന ചോദിച്ചു.