അടുത്ത ഐപിഎൽ സീസണിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് യുവതാരങ്ങൾ പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി തന്നെയാണ് ദേശീയ ടീമിൽ ഇതുവരെ കളിക്കാത്ത തങ്ങളുടെ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് സംഘത്തിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. തിലക് വർമ, കുമാർ കാർത്തികേയ, ഋതിക് ഷോകീൻ, രമൺദീപ് സിംഗ് തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് പോവുക. ഇംഗ്ലണ്ടിലുള്ള അർജുൻ തെണ്ടുൽക്കറും ഇവർക്കൊപ്പം ചേരും. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകൾക്കെതിരെ സംഘം 10 ടി-20 മത്സരങ്ങൾ കളിക്കും. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പാണ് ടീമിൻ്റെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ മോശം പ്രകടനങ്ങളെ തുടർന്ന് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈക്ക് അടുത്ത സീസൺ ഏറെ നിർണായകമാണ്.