ഫാമിലി, ടൂറിസ്റ്റ് വിസ ഉൾപ്പടെ എല്ലാ വിസിറ്റ് വിസകളും നിർത്തലാക്കി കുവൈത്ത്. നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നടപടി തുടരുമെന്ന് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിസ നടപടിക്രമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. വിസ വിതരണ പ്രക്രിയ ക്രമീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടങ്ങളോടുകൂടിയ പുതിയ സംവിധാനം തയ്യാറാക്കാൻ റെസിഡെൻസി അഫേഴ്സ് ഡിപ്പാർട്ട്മെന്റിനെ അനുവദിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.