ഇന്ത്യ-അയർലന്‍ഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ദി വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിയ്ക്കാണ് മത്സരം നടക്കുക .ഇന്ത്യയും അയര്‍ലന്‍ഡും മത്സരത്തിന് ഇറങ്ങുമ്പോള്‍ മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബെഞ്ചിലെ മുഴുവന്‍ യുവതാരങ്ങളുടെയും പ്രകടനം വിലയിരുത്താന്‍ ലഭിച്ച മികച്ച അവസരമായിരുന്നു അയര്‍ലന്‍ഡിനെതിരായ പരമ്പര. എന്നാല്‍ ആദ്യ മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ മത്സരം 12 ഓവറാക്കി ചുരുക്കിയിരുന്നു.ആദ്യ മത്സരത്തിലെ വിജയം നല്കുന്ന ആത്മവിശ്വാസം ഇന്ത്യയ്ക്ക് ഉണ്ട്.
ഇഷന്‍ കിഷന്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, ഹാര്‍ദ്ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്.ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹാരി ടെക്ടര്‍ അയര്‍ലന്‍ഡിന്റെ പ്രതീക്ഷയാണ്.
പരിക്കില്‍ നിന്ന് മോചിതനായാല്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്ന് കളിച്ചേക്കും. ഋതുരാജ് കളിക്കുന്നില്ലെങ്കില്‍ സഞ്ജു സാംസണോ രാഹുല്‍ ത്രിപാഠിക്കോ അവസരം ലഭിച്ചേക്കും. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ സൂര്യകുമാര്‍ യാദവിന് ഫോമിലേയ്ക്ക് മടങ്ങിയെത്താനുള്ള അവസരം കൂടിയാകും ഇന്നത്തെ മത്സരം.