അമേരിക്ക-മെക്സിക്കോ അതിർത്തിയായ സെൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ടെ ട്രക്കിനുള്ളിൽ 42 പേരുടെ മൃതദേഹം കണ്ടെത്തി. അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. മരണപ്പെട്ടവരെല്ലാം അഭയാർത്ഥികളാണെന്നും ഇവർ ഏത് രാജ്യക്കാരാണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടുത്ത ചൂട് മൂലം ഇവർ കുഴഞ്ഞുവീണ് മരിച്ചതാവാമെന്നാണ് നിഗമനം.4 കുട്ടികൾ ഉൾപ്പെടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
39.4 ഡിഗ്രിയായിരുന്നു സെൻ അന്റോണിയയിലെ താപനില. ട്രക്കിനുള്ളിൽ കുടിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ട്രക്കിനുള്ളിലുണ്ടായിരുന്നവർക്കെല്ലാം നിർജലീകരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ട്രക്കിനുള്ളിൽ നിന്ന് സഹായത്തിനുള്ള നിലവിളികൾ കേട്ട ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ മെക്സിക്കോയുടെ വിദേശകാര്യമന്ത്രി മാർസെലോ എബ്രാർഡ് അപലപിച്ചു. ടെക്സസാസിലെ ദുരന്തം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.