കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ‘ഹീല്‍’ (haeal.com) തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ലോറ സോപ്സി’നെ ഏറ്റെടുത്തു. ബഡ്ജറ്റ് സോപ്പുകളുടെ വിപണിയില്‍ റൗണ്ട് സോപ്പുകളുമായി ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡാണ് ലോറ. ഗോദ്റെജ്, കാവിന്‍കെയര്‍ തുടങ്ങിയ എഫ്എംസിജി കമ്പനികളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡി.പി. സന്തോഷ് എന്ന തൃശ്ശൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ 12 വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭമാണ് ‘ലോറ സോപ്സ്’. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏതാണ്ട് 13 കോടി രൂപയുടെ വില്പന കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
ഐഐഎം അഹമ്മദാബാദ് ബിരുദധാരിയായ കൊച്ചി സ്വദേശി രാഹുല്‍ മാമ്മന്റെ നേതൃത്വത്തില്‍ 2020-ല്‍ തുടങ്ങിയ കമ്പനിയാണ് ‘ഹീല്‍ എന്റര്‍പ്രൈസസ്’. സാനിറ്റൈസറുകളുടെ ഉത്പാദനത്തിലൂടെ തുടങ്ങിയ ‘ഹീലി’ന് ഇന്ന് സോപ്പ്, ഷാംപൂ, ഹാന്‍ഡ് വാഷ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ എന്നിങ്ങനെ വിപുലമായ ഉത്പന്നനിര തന്നെയുണ്ട്. സ്‌ക്വാഡ്, ക്ലിക്, ചെക്ക്ഔട്ട് തുടങ്ങിയ ക്ലീനിങ് ഉത്പന്ന ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ ‘ഒറോ ക്ലീനക്സി’നെ ഹീല്‍ ഈയിടെ സ്വന്തമാക്കിയിരുന്നു.
ബജറ്റ് ശ്രേണിയിലേക്ക് ഉത്പന്ന നിര വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോറ സോപ്സിനെ ഏറ്റെടുക്കുന്നതെന്ന് ‘ഹീലി’ന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രാഹുല്‍ മാമ്മന്‍ പറഞ്ഞു. സോപ്പിന് പുറമേ മറ്റ് ഉത്പന്നങ്ങളും ലോറയുടെ ബ്രാന്‍ഡില്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.