15-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ സഭയില്‍ മാദ്ധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി സ്പീക്കര്‍ എംബി രാജേഷ്. നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നും പാസ് അനുവദിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകരേയും നിയമസഭ ഹാളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും രാജേഷ് പ്രതികരിച്ചു. മാധ്യമങ്ങളെ വിലക്കിയെന്ന വാര്‍ത്ത ആസൂത്രിതമാണെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ക്യാമറ ടീമിനുളള നിയന്ത്രണം നേരത്തെയുളളതാണെന്നും സ്പീക്കര്‍ പറഞ്ഞു.
ലോക്സഭ നടപടിക്രമം മാതൃകയാക്കിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം. സാധാരണ രീതിയില്‍ തന്നെയാണ് ഇന്നും ദൃശ്യങ്ങള്‍ കാണിച്ചത്. ദൃശ്യങ്ങള്‍ ആരും നിയന്ത്രിക്കുന്നതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.സഭ ടിവിയുടെ രീതി സഭാ നടപടി കാണിക്കുക എന്നതാണ്. സഭയില്‍ രണ്ട് ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടായി. ഈ പ്രതിഷേധമൊന്നും കാണിച്ചിട്ടില്ല. സഭാ നടപടികള്‍ മാത്രമേ സഭാ ടീവിയില്‍ കാണിക്കുകയുള്ളൂ. സഭാ ചട്ട പ്രകാരം എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കാണിച്ചില്ലെന്നും സഭാ നടപടികള്‍ മാത്രമേ കാണിക്കുകയുള്ളൂ എന്നുമാണ് സ്പീക്കര്‍ പ്രതികരിച്ചത്.