ഇംഗ്ലണ്ടിൻ്റെ പരിമിത ഓവർ ടീം നായകൻ ഓയിൻ മോർഗൻ സ്ഥാനമൊഴിയുന്നു എന്ന് റിപ്പോർട്ട്. തുടർച്ചയായ പരുക്കും മോശം ഫോമും കാരണം താരം വിരമിക്കാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. മോർഗൻ സ്ഥാനമൊഴിഞ്ഞാൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലറാവും ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റൻ. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനാണ് മോർഗൻ. പരിമിത ഓവർ മത്സരങ്ങളിൽ ഇംഗ്ലണ്ടിൻ്റെ കളിശൈലിയെ മാറ്റിമറിച്ച മോർഗൻ ക്യാപ്റ്റനെന്ന നിലയിൽ മികച്ചുനിൽക്കുമ്പോഴും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദേഹം മോശം ഫോമിലാണ്. നെതർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായ മോർഗൻ മൂന്നാമത്തെ ഏകദിനത്തിൽ വിട്ടുനിന്നു. മോശം ഫോമിനൊപ്പം ഫിറ്റ്നസ് പ്രശ്നങ്ങളും മോർഗനെ അലട്ടുന്നുണ്ട്. അവസാനത്തെ 28 ടി-20യിലും ഏകദിനങ്ങളിൽ നിന്നുമായി രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് മോർഗൻ നേടിയിട്ടുള്ളത്.