രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി തലവൻ ജയന്ത് ചൗധരി, മല്ലികാർജുർ ഖാർഗെ, ജയറാം രമേശ് എന്നിവരോടൊപ്പമാണ് യശ്വന്ത് സിൻഹ നാമനിർദ്ദേശം സമർപ്പിച്ചത്.
അതിനിടെ ഇന്ന് രാവിലെ യശ്വന്ത് സിൻഹയ്ക്ക് തെലങ്കാന രാഷ്ട്ര സമിതി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എൻഡിഎഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെക്കാൾ ഭരണഘടനയെ കൂടുതൽ ചേർത്ത് പിടിച്ച് പ്രവർത്തിക്കുമെന്ന് സിൻഹ പ്രതികരിച്ചിരുന്നത്. ഈമാസം 29 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.
ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന യശ്വന്ത് സിൻഹ നേതൃത്വവുമായി പിണങ്ങി 2018ലാണ് പാർട്ടി വിടുന്നത്. തുടർന്ന് തൃണമൂൽ ദേശീയ ഉപാദ്ധ്യക്ഷനായിരുന്നു. 84കാരനായ യശ്വന്ത് സിൻഹ മുൻപ് വാജ്പേയി സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.