താരസംഘടനയായ ‘അമ്മ’ യുടെ നീക്കത്തിനു പിന്നില്‍ അതിലെ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള ദേഷ്യമാണെന്നു തുറന്നു പറഞ്ഞ് നടന് ഷമ്മി തിലകന്. ഇപ്പോഴും അമ്മയുടെ അംഗമാണെന്നും തന്റെകൂടി പൈസയ്ക്കാണ് അമ്മ എന്ന സംഘടനാ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു നടപടിയെടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ പറഞ്ഞതായാണ് ഷമ്മി തിലകൻ പറയുന്നത്..
”അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ. നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണമായും കേട്ടിട്ടില്ല. അതിനുമാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും. അമ്മയിലെ ചില ഭാരവാഹികളില്‍നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ട്.” ജനറല്‍ ബോഡി തന്നെ അറിയിച്ചതു പോലുമില്ലെന്നും ഷമ്മിതിലകൻ ആരോപിച്ചു .
ഷമ്മി തിലകന് കുറച്ചുനാളായി സാമൂഹിക മാധ്യമങ്ങളിലൂടെയുംമറ്റും സംഘടനയ്ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന് സിദ്ദിഖ് പറഞ്ഞു. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. ഷമ്മി തിലകനെതിരെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും വിശദീകരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍വ്വാഹക സമിതിയെ ചുമതലപ്പെടുത്തിയെന്നും ഭാരവാഹികള്‍ അറിയിച്ചു.
അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരായ നടപടിയെടുക്കുക. അമ്മയുടെ യോഗം ചിത്രീകരിച്ചത് തെറ്റാണെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി.