നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് സഭാ സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ആരോപണ മുനയില്‍ നിര്‍ത്തിയുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ മുതല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം വരെയുളള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും.
അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം ഉപയോഗിച്ചായിരിക്കും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ബജറ്റ് ചര്‍ച്ചയ്ക്കും, നാല് ദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങള്‍ക്കായും നീക്കിവച്ചിട്ടുണ്ട്. കൂടാതെ, ധനകാര്യ ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസങ്ങളും, ഉപധനാഭ്യര്‍ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കുമായി നാല് ദിവസവും മാറ്റിവച്ചിട്ടുണ്ട്.