കല്‍പ്പറ്റ: വയനാട്ടിലെ ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ചാലത ശക്തിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എല്ലാ കാലവും കോണ്‍ഗ്രസ് പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന് കരുതേണ്ടെന്ന് സുധാകരന് പ്രതികരിച്ചു. എതിര്‍ക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിനും കഴിവുണ്ട് എന്നും സുധാകരന് പറഞ്ഞു.
ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐയുടെ കുട്ടികൾ തകർത്തത്. ഇതിന്റെ പിറകിൽ ഒരു ചാലകശക്തിയുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഭരിക്കുന്നവരുടെ മുമ്പിൽ എത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. രാഹുൽ ഗാന്ധി അത് ചെയ്തിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ ഭരണത്തിലുള്ള സർക്കാരിനും ഉത്തരവാദിത്വമില്ലേയെന്നും കെ. സുധാകരൻ ചോദിച്ചു.
ഓഫീസിൽ വന്നത് സമരം ചെയ്യാനല്ല, അടിച്ചുപൊളിക്കാനാണ്. കുരങ്ങന്മാർ കയറുന്നത് പോലെ ജനലിലും ജനലിന്റെ കമ്പിയും പിടിച്ചാണ് കടന്നു പോകുന്നത്. ഇത്രയും വലിയ അവിവേകം കാണിച്ച ഒരു വിദ്യാര്‍ഥി സംഘടന ഇതുപോലൊരു സമരമുഖത്ത് കടന്നു വന്നത് അത്ഭുതം എന്നല്ലാതെ പറയാൻ നിർവാഹമില്ല. യു.ഡി.എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോൽപ്പിച്ചു കളയാമെന്ന് കരുതിയാൽ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയിൽ നടക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയില്‍ രാത്രി 7.30ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ജില്ലയിലേക്ക് കൂടുതല്‍ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ഒരുക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം കല്‍പ്പറ്റയില്‍ തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധ റാലിക്കിടെ ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ കല്ലേറുണ്ടായി.
13 വകുപ്പുകള്‍ ചേര്‍ത്താണ് എസ്എഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അക്രമം ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സംഭവത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അപലപിച്ചു.