കേരളത്തിലും ഏറെ ആരാധരുള്ള താരമാണ് ജയ്. എന്നാൽ ഇപ്പോൾ ജയ് തന്റെ സഹപ്രവർത്തക്ക് പഠിക്കാനുള്ള സഹായം നൽകി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. തനിയ്ക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച പെൺകുട്ടിയ്ക്ക് യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സഹായം ചെയ്തിരിക്കുകയാണ് നടൻ. മനീഷ പ്രിയദർശിനി എന്ന നടിക്കാണ് ജയ് സഹായവുമായെത്തിയത്. കളവാണി എന്ന ചിത്രത്തിൽ വിമൽ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ സഹോദരിയായി എത്തിയത് മനീഷയായിരുന്നു. അഭിനയത്തിനൊപ്പമാണ് മനീഷ പഠനം പൂർത്തിയാക്കിയത്. തന്റെ ഐഎഎസ് സ്വപ്നത്തിലേക്കുള്ള കഠിനമായ പരിശ്രമത്തിലാണ് മനീഷ. മനീഷയുടെ അമ്മയും മകൾ എന്നെങ്കിലും ഒരിക്കൽ ഐഎഎസ് കാരിയാകുമെന്ന പ്രതീക്ഷയിലാണ്. പഠനം സാമ്പത്തിക പ്രതിസന്ധികാരണം വഴിമുട്ടി നിൽക്കുമ്പോഴാണ് ഇരുവരും നടൻ ജയ് യുടെ അടുത്തെത്തുന്നത്. വളരെ സന്തോഷത്തോടെ ജയ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. യു.പി.എസ്.സി പഠനത്തിനാവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങി നൽകിയതിന് പുറമേ ഭാവിയിൽ എല്ലാ സഹായവും മനീഷയ്ക്ക് ജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്.