ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള ദൈനംദിന പ്രവർത്തനങ്ങൾ നരീന്ദർ ബത്ര അവസാനിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഐ.ഒ.എ വൈസ് പ്രസിഡന്റ് അനിൽ ഖന്നയ്ക്ക് പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നതായും ജസ്റ്റിസ് ദിനേഷ് ശർമ്മ പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗം എന്ന നിലയിലാണ് ബത്ര ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായത്. എന്നാൽ ഇതിനെ എതിർത്ത് മുൻ ഹോക്കി താരം ഒളിമ്പ്യൻ അസ്ലം ഷേർ ഖാൻ ബത്രയ്ക്ക് എതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
ബത്രയെ സ്ഥാനത്ത് നിന്ന് നീക്കിയതായി ഒരുമാസം മുമ്പ് ഡൽഹിക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതവഗണിച്ച് ബത്ര ഐ.ഒ.എ പ്രസിഡന്റെന്ന നിലയിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി അസ്ലം ഷേർഖാൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ബത്രയെ അടിയന്തരമായി സ്ഥാനത്ത് നീക്കുന്നതായും ഐ.ഒ.എ പ്രസിഡന്റെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഉടനടി അദ്ദേഹം അവസാനി്പിക്കണമെന്നും കോടതി ഉത്തരവിട്ടത്.