അഭിനയത്തിൽ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാൻ. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ്റെ പുതിയ ചിത്രം ‘പത്താന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷാരൂഖ് ഖാൻ ഒരു തോക്കും കൈയിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. താരവും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ’30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു. പത്താനിലൂടെ അത് തുടരുകയാണ്’, എന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രം എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘പത്താനാ’യി കാത്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം ആരാധകർക്ക് മുന്നിലെത്തുക. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.