വയനാട്: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ടായ എസ്എഫ്ഐ ആക്രമിച്ചത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്ന് വി ഡി സതീശൻ പ്രതികരിച്ചു. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മോദിയെ പ്രീതിപ്പെടുത്താൻ പിണറായി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നാണ് വി ഡി സതീശന്റെ വിമര്‍ശനം. നേതൃത്വത്തിന്റെ അറിവോടെയുള്ള കലാപാഹ്വാനമാണിത്. സ്വന്തം നേതാക്കൾ തന്നെ സിപിഎം അണികളെ വെള്ളപുതച്ച് കിടത്തുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് പറഞ്ഞ വിഡി സതീശൻ, തിരിച്ചടി എങ്ങനെയെന്ന് കാത്തിരുന്ന് കാണമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.